ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്നതിനിടെ ഡൽഹിയിൽ വീണ്ടും സിഎൻജി വില കൂട്ടി. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ തലസ്ഥാന നഗരിയിലെ പുതിയ സിഎൻജി നിരക്ക് 80.09 രൂപയായി. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.
പുതിയ വർധനവോടെ ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും സാധാരണ യാത്രക്കാരർക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകും. നോയിഡ, ഗാസിയാബാദ് മേഖലകളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു.
മേയ് 15-നാണ് കമ്പനികൾ ആദ്യം കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചത്. അന്ന് ഡൽഹിയിലെ സിഎൻജി വില 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു. അതിന് പിന്നാലെ വീണ്ടും ഒരു രൂപ കൂട്ടിയതോടെ മൂന്നു ദിവസത്തിനിടെ ആകെ മൂന്ന് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇതിനൊപ്പം കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വിലയും ലിറ്ററിന് മൂന്ന് രൂപ വീതം ഉയർത്തിയിരുന്നു. ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു ഈ തീരുമാനം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ധനവില ഇനിയും വർധിക്കാമെന്ന ആശങ്കയും ശക്തമാണ്


