തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീറും മണ്ണാർക്കാട് സ്വദേശി ജോസഫുമാണ് മരിച്ചത്. ചേലക്കോട് ചായകുടിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു. അതേസമയം, പഴയന്നൂരിലേക്ക് പോകുന്ന വഴിയിലാണ് ഷെമീർ ചേലക്കോടെത്തിയത്. ഇരുവരും റോഡരികിൽ നിൽക്കുന്നതിനിടെയാണ് അതുവഴിയെത്തിയ മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.
അപകടത്തിൽ ഇരുവരും ടാങ്കർ ലോറിയുടെ അടിയിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


