Headlines

കൊച്ചിയിൽ പുരുഷന്മാർക്ക് സൗജന്യയാത്ര ഒരുക്കാൻ സ്വകാര്യ ബസുടമ



   

കൊച്ചി : കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ആലുവ-മാഞ്ഞാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ എന്ന സ്വകാര്യ ബസിൻ്റെ ഉടമ ബി.ഒ. ഡേവിഡാണ് നാളെ പുരുഷന്മാർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. ഇതിൻ്റെ ഭാഗമായി നാളെ രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള ഏഴ് ട്രിപ്പുകളിൽ പുരുഷന്മാർക്ക് സൗജന്യമായി യാത്ര ചെയ്യാം.

ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടാകുമെന്നാണ് ബസുടമകൾ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം കെഎസ്ആർടിസിയിലെ സൗജന്യയാത്ര ഒഴിവാക്കി ലിറ്റിൽ ഫ്ലവറിൽ കയറുന്ന എല്ലാ സ്‌ത്രീകൾക്കും മധുരം നൽകുമെന്നും ബി.ഒ. ഡേവിഡ് പറഞ്ഞു.

“സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പൊതുഗതാഗത സംവിധാനത്തെ തകർക്കുകയും ഓപ്പറേറ്റർമാരെ കടക്കെണിയിലാക്കുകയും ചെയ്യും. ഞങ്ങളുടെ യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സൗജന്യ യാത്ര ആരംഭിക്കുന്നതോടെ, സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി ബസുകളിലേക്ക് മാറുകയും സ്വകാര്യ ബസ് സർവീസ് ഇല്ലാതാവുകയും ചെയ്യും”, ഡേവിഡ് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഒരു രൂപ കൺസഷൻ നൽകി യാത്ര ചെയ്യുന്ന വിദ്യാർഥികളെയും കൊണ്ട് എങ്ങനെയാണ് സർവീസ് നടത്തുക, ഡീസലിന് ലിറ്ററിന് 8 രൂപ വർധന ഉണ്ടായിട്ടുണ്ട് എന്നും ഡേവിഡ് ചൂണ്ടിക്കാട്ടി. ഈ തീരുമാനങ്ങളെല്ലാം ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് സർക്കാരിനെ ഓർമിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഡേവിസ് കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: