Headlines

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയെ ജോലി സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി





തൃശൂർ: പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടറായ യുവതിയെ ജോലി സ്ഥലത്തിനോട് ചേർന്നുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സന്തോഷിൻ്റെ മകൾ സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സാന്ദ്ര പങ്കെടുക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.

തുടർന്ന് സമീപത്തെ അങ്കണവാടി അധ്യാപികയോട് സാന്ദ്ര താമസിക്കുന്ന സ്ഥലത്ത് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അധ്യാപിക എത്തിയപ്പോഴാണ് സബ് സെൻ്ററിനോട് ചേർന്നുള്ള റിസപ്ഷൻ മുറിയിൽ സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സഹപ്രവർത്തക ദേവികൃഷ്‌ണയ്ക്കൊപ്പമാണ് സാന്ദ്ര ആരോഗ്യകേന്ദ്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. ദേവികൃഷ്ണ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ സാന്ദ്ര മുറിയിൽ ഒറ്റയ്ക്കായിരുന്നു.

സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതം മടുത്തുവെന്ന് എഴുതിവച്ച കുറിപ്പ് മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ‘എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക. അടിയന്തിരം നടത്തരുത് എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മൊബൈൽ ഫോണിന്റെ വാൾപേപ്പറാക്കിയ നിലയിലായിരുന്നു കുറിപ്പ്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: