പാറശ്ശാല: ലൈഫ് ഭവന പദ്ധതിയുടെ മൂന്നാംഗഡു അനുവദിക്കുന്നതിനായി ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി സന്ദീപ് ടി.എസ്. (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി കാരോട് പഞ്ചായത്തിലെ എ സർക്കിളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സന്ദീപ്.
ലൈഫ് പദ്ധതിയുടെ വിവിധ ഗഡുകൾ അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് പലതവണയായി പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ആദ്യ ഗഡുവായ 40,000 രൂപ അനുവദിക്കുമ്പോൾ 500 രൂപയും, രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ അനുവദിക്കുമ്പോൾ 1,000 രൂപയും ഇയാൾ കൈപ്പറ്റിയതായി പരാതിക്കാരൻ അറിയിച്ചു. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിൽ വൈകിയതിനെ തുടർന്ന് പരാതിക്കാരൻ ഓഫീസിൽ എത്തി അന്വേഷിച്ചപ്പോഴാണ് വീണ്ടും 2,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ ഗുണഭോക്താവ് വിജിലൻസിനെ സമീപിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് വിജിലൻസ് സംഘം രണ്ടാഴ്ചത്തോളം സന്ദീപിനെ നിരീക്ഷിച്ചു. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ പ്രത്യേകം അടയാളപ്പെടുത്തിയ 2,500 രൂപ പരാതിക്കാരന് നൽകി ഓഫീസിലേക്ക് അയച്ചു. ഓഫീസിനുള്ളിൽവെച്ച് പണം കൈപ്പറ്റിയ ഉടൻ മഫ്തിയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ സന്ദീപിനെ പിടികൂടി.
സന്ദീപിൽ നിന്ന് വിജിലൻസ് സംഘം മുൻകൂട്ടി അടയാളപ്പെടുത്തിയ നോട്ടുകൾ കണ്ടെടുത്തു. തുടർന്ന് ഫിനോഫ്ത്താലിൻ പുരട്ടിയ നോട്ടുകൾ കൈകാര്യം ചെയ്തതിന്റെ തെളിവായി സോഡിയം കാർബണേറ്റ് ലായനിയിൽ നടത്തിയ പരിശോധനയിലും കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചതായി വിജിലൻസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷക്കാലമായി കാരോട് പഞ്ചായത്തിൽ ജോലി ചെയ്യുന്ന സന്ദീപ് ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളിൽനിന്ന് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി സ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികൾ ആരോപിച്ചു. കൈക്കൂലി നൽകിയില്ലെങ്കിൽ ഓരോ ഘട്ടത്തിലും കൈമാറേണ്ട പണം തടഞ്ഞുവെച്ച് ഗുണഭോക്താക്കളെ സമ്മർദത്തിലാക്കുന്നത് പതിവാണെന്നാണ് ഗുണഭോക്താക്കൾ പരാതിപ്പെടുന്നത്. 2016-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരിക്കേ കൈക്കൂലി വാങ്ങവേ സന്ദീപിനെ വിജിലൻസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് സസ്പെൻഷനിലായിരുന്ന സന്ദീപ് സസ്പെൻഷൻ കാലാവധിക്കുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ ആദ്യ കേസ് നടക്കവേയാണ് ഇപ്പോൾ വീണ്ടും കൈക്കൂലി വാങ്ങവേ ഇയാൾ പിടിയിലാകുന്നത്. വിജിലൻസ് ഡിവൈ.എസ്.പി ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐമാരായ സിജു കെ.എൽ. നായർ, അനൂപ് ആർ. ചന്ദ്രൻ, ബിജോയ് എസ്., അരുൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സന്ദീപിനെ പിടികൂടിയത്.


