ഡൽഹി: കെപിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം നേതാവിനെ വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് നിർദേശിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി.
“താൻ നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസിക്ക് പുതിയൊരു ഫുള്‍ടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങള്‍ക്ക് നല്ലത്” എന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടത് എന്നും ഈ പദവിയിലേക്ക് എംഎല്‍എമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് കൃത്യമായ ആലോചനകള്‍ നടത്തി യോഗ്യനായ ഒരാളെ ഉടൻ തന്നെ തീരുമാനിക്കും എന്നും പ്രഖ്യാപനം അധികം വൈകില്ല എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി മാത്യു കുഴല്നാടൻ എംഎല്‍എ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴല്നാടൻ ഡല്‍ഹിയിലെത്തിയത്.


