ന്യൂഡൽഹി: മുപ്പതുവയസുകാരിയായ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്. തെക്കൻ ഡൽഹിയിലെ സംഗം വിഹാറിലായിരുന്നു ദാരുണമായ സംഭവം. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിഗ്രി പ്രദേശത്ത് ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. കവിത (30)യെയാണ് ഭർത്താവ് ശുഭം രാജ്പുത് ക്രൂരമായി കൊന്നത്, കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
ഒന്നരവർഷം മുൻപാണ് കവിതയും ശുഭവും വിവാഹിതരായത്. ശുഭത്തിന്റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ ശുഭം കവിതയ്ക്കു നേരെ 4 റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തു വെച്ച് തന്നെ കവിത മരിച്ചു. കയ്യിലും വയറ്റിലും കഴുത്തിലുമാണ് വെടിയേറ്റത്. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും ശൂന്യമായ കാട്രിജുകളും പോലീസ് സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
പ്രതി ശുഭം ചൂതാട്ടത്തിന് അടിമയായിരുന്നുവെന്നാണ് വിവരം. ചൂതാട്ടം നടത്തി ഇയാൾക്ക് 30 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ഈ കടം വീട്ടാൻ പ്രതി കവിതയുടെ പേരിലുള്ള സ്ഥലം വിൽക്കാൻ നിരന്തരം യുവതിയെ സമ്മർദം ചെലുത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും സമാനമായി ശുഭം ഇക്കാര്യം പറഞ്ഞ് കവിതയെ സമ്മർദ്ദത്തിലാക്കി. എന്നാൽ കവിത സ്ഥലം വിൽക്കാൻ തയ്യാറാകില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഈ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.


