Headlines

ചെങ്ങന്നൂരിൽ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി  തിരുവനന്തപുരം സ്വദേശി അറസ്‌റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂരിൽ നഗ്‌നനായി മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ബിജു സെബാസ്റ്റ്യനെയാണ് വർ‍ക്കലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ചിരുന്ന മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയ തെളിവുകളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.

മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിലുള്ള തട്ടുകട കുത്തിത്തുറന്ന് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷമാണ് പ്രതി സ്ഥലം വിട്ടത്. ചെറിയനാട്ടിലെ അഞ്ച് വീടുകളിലും ഒരു ചായക്കടയിലുമാണ് ഇയാള്‍ മോഷണം നടത്തിയത്. ഈ വീടുകളില്‍ നിന്നായി രണ്ട് ബൈക്കുകളും സ്വര്‍ണവും പണവുമാണ് പ്രതി അപഹരിച്ചത്. മടങ്ങും വഴി മഴ നനയാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുടയും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നഗ്‌നനായി മുഖംമറച്ചെത്തിയ കള്ളനെ കണ്ടത്.

ചെറിയനാട്ടില്‍ നിന്ന് മാമ്പടയില്‍ എത്തിയപ്പോഴാണ് തട്ടുകട കുത്തിത്തുറന്ന് പ്രതി 12 കോഴിമുട്ടകള്‍ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചത്. ഈ കടയില്‍ നിന്ന് 3000 രൂപയും ഇയാള്‍ മോഷ്ടിച്ചു.

ശേഷം, മോഷ്ട്ടിച്ച ഒരു ബൈക്ക് ചങ്ങനാശ്ശേരിയില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് മറ്റൊരു ബൈക്കെടുത്ത് സ്ഥലം വിടുകയും ചെയ്തു. ഈ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് 14 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടാനായത്.

രാത്രികാലങ്ങളിൽ വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് നഗ്‌നനായി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. ഈ അസാധാരണമായ രീതിയാണ് കേസിന് വ്യാപക ശ്രദ്ധ നേടിക്കൊടുത്തത്. പ്രതിയെ പിടികൂടിയതോടെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാളിൽ നിന്ന് കൂടുതൽ മോഷണ കേസുകളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: